Humrahi

പ്രമേഹമുള്ള സ്ത്രീകളുടെ ഗർഭകാല പരിചരണം

ഗ്ലൂക്കോസ് കോശങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാതെ രക്തപ്രവാഹത്തിൽ തുടരുകയും രക്തത്തിലെ പഞ്ചസാരയുടെ വർദ്ധിച്ച നിലകളിലേക്ക് നയിക്കുകയും ചെയ്യുന്ന, ഇൻസുലിനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് ഡയബറ്റിസ് മെലിറ്റസ്. കാലക്രമേണ, ഇത് ഹൃദ്രോഗം, കാഴ്‌ച പ്രശ്‌നങ്ങൾ, വൃക്ക രോഗം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകാം.

ഗർഭാവസ്ഥയിൽ പ്രമേഹം നിയന്ത്രിക്കേണ്ടത് അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യത്തിൽ നിർണ്ണായകമാണ്, കാരണം അസ്ഥിരമായ രക്തത്തിലെ പഞ്ചസാര നിലകൾ സങ്കീർണ്ണതകളിലേക്ക് നയിക്കാം. മോശമായി നിയന്ത്രിക്കുന്ന പ്രമേഹമുള്ള സ്ത്രീകൾക്ക് ജനന വൈകല്യങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, അമിതമായ അമ്‌നിയോട്ടിക് ഫ്ലൂയിഡ്, മാക്രോസോമിയ (അമിത വലുപ്പമുള്ള ഗർഭസ്ഥശിശു) എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ഗർഭകാലയളവിൽ രക്തത്തിലെ പഞ്ചസാര നിലകൾ സൂക്ഷ്‌മമായി നിരീക്ഷിക്കുകയും ഒരു സന്തുലിതമായ ഭക്ഷണക്രമം പാലിക്കുകയും പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യപരിചരണ പ്രൊഫഷണലുകൾ നിർദ്ദേശിക്കുന്നതു പോലെ മെഡിക്കേഷനുകൾ എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് രക്തത്തിലെ പഞ്ചസാര നിർദ്ദിഷ്‌ട ലക്ഷ്യ പരിധിക്കുള്ളിൽ നിലനിർത്തേണ്ടതാണ്.

ഗർഭാവസ്ഥയിൽ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനുള്ള അഭികാമ്യമായ മെഡിക്കേഷൻ ഇൻസുലിനാണ്, ഹോർമോൺ മാറ്റങ്ങൾ കാരണം ഇൻസുലിൻ ആവശ്യകത വർദ്ധിക്കുന്നതിനാൽ ക്രമപ്പെടുത്തലുകൾ ആവശ്യമായി വന്നേക്കാം. ഗർഭകാല പ്രമേഹമുള്ള സ്ത്രീകൾക്ക്, ഭക്ഷണ ആസൂത്രണവും വ്യായാമവും പലപ്പോഴും രക്തത്തിലെ പഞ്ചസാര നിലകൾ നിയന്ത്രിക്കാൻ സഹായിക്കാം.

ഭക്ഷണത്തിന്‍റെ അളവിനേക്കാൾ ഗുണനിലവാരത്തിൽ ശ്രദ്ധിച്ചുകൊണ്ട് നന്നായി സന്തുലിതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം നിർണ്ണായകമാണ്. സാധാരണയായി പ്രതിദിന കലോറി ഉപഭോഗം ഏകദേശം 300 കലോറി വർദ്ധിപ്പിക്കുന്നത് മതിയാകുന്നതാണ്. പഴങ്ങൾ, പച്ചക്കറികൾ, സമ്പൂർണ്ണ ധാന്യങ്ങൾ, ലീൻ മീറ്റുകൾ, മത്സ്യം, കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ തുടങ്ങിയവ പോലുള്ള വിവിധയിനം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ശുപാർശ ചെയ്യുന്നു.

പ്രമേഹം നിയന്ത്രിക്കുന്നതിന് ശാരീരിക പ്രവർത്തനങ്ങളും പ്രധാനമാണ്, കൂടാതെ വ്യായാമ പദ്ധതികൾ ആരോഗ്യപരിചരണ ദാതാക്കളുമായി ചർച്ച ചെയ്യേണ്ടതാണ്. ഗർഭകാലത്ത് നടത്തം, നീന്തൽ പോലുള്ള ആഘാതം കുറഞ്ഞ പ്രവർത്തനങ്ങളിൽ അല്ലെങ്കിൽ ആഘാതം കുറഞ്ഞ എയറോബിക്‌സിൽ ഏർപ്പെടുന്നത് പൊതുവെ സുരക്ഷിതമാണ്, എന്നാൽ ചില അവസ്ഥകൾക്ക് വ്യക്തിഗതമായ മാർഗ്ഗനിർദ്ദേശം ആവശ്യമായി വരാം.

വീഴ്‌ചയുടെ അല്ലെങ്കിൽ വയറിന് പരിക്കേൽക്കുന്നതിന്‍റെ ഒരു അപകടസാധ്യതയുള്ള കഠിനമായ വ്യായാമങ്ങളും പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. ശരിയായ ഭക്ഷണക്രമം, വ്യായാമ ചര്യകൾ, വൈദ്യ ശുപാർശകൾ എന്നിവ കൃത്യമായി പാലിക്കുന്നതിലൂടെ, പ്രമേഹമുള്ള സ്ത്രീകൾക്ക് ആരോഗ്യകരമായ ഗർഭധാരണം നടത്താനും തങ്ങൾക്കും കുഞ്ഞുങ്ങൾക്കും ഉണ്ടാകാവുന്ന സങ്കീർണ്ണതകൾ കുറയ്ക്കാനും കഴിയും.19,20